നിരീക്ഷണക്കുറിപ്പ് തയാറാക്കല്‍
ക്ലാസ്സ്: IV, യൂണിറ്റ് : 9 ( തിന്നും തീനായും)
പ്രവര്‍ത്തനം: ജന്തുക്കളിലെ ആഹാര രീതിയുമായി ബന്ധപ്പെട്ട് കുളങ്ങളിലേയും വയലുകളിലേയും സസ്യങ്ങളേയും ജന്തുക്കളേയും നിരീക്ഷിക്കല്‍.
അതിന്റെ അടിസ്ഥാനത്തില്‍ സ്കൂളിന് സമീപമുള്ള കുളവും വയലും നിരീക്ഷിച്ച് . കുറിപ്പുകള്‍ തയാറാക്കി.
കുട്ടികളുടെ നിരീക്ഷണക്കുറിപ്പുകള്‍:
ഡിസംബര്‍ മാസത്തിലെ പ്രഭാതത്തിലാണ് ഞങ്ങള്‍ വയലിനക്കരെയുള്ള കുളം സന്ദര്‍ശിക്കാന്‍ പോയത്. വയലിനോട് ചേര്‍ന്നാണ് കുളം. കുളത്തില്‍ പല തരത്തിലുള്ള പായലുകളെ കണ്ടു. കുളത്തില്‍ ചാടിക്കളിക്കുന്ന തവളകളേയും നീന്തിക്കളിക്കുന്ന മീനുകളേയും കണ്ടു. ധാരാളം പ്രാണികളും ഉണ്ടായിരുന്നു. ഈ പ്രാണികളാണ് മീനുകളുടേയും തവളകളുടേയും ആഹാരം. പലതരം തുമ്പികള്‍ കുളത്തിനു മുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അവ ആഹാരം തേടുകയായിരിക്കും. കുളത്തില്‍ ഒരു ആമ പമ്മി ഇരിക്കുന്നത് ഞാന്‍ കണ്ടു. അത് മീനുകളെ ഭക്ഷിക്കാന്‍ തക്കം നോക്കുകയാണ്. കുളത്തിലെ എല്ലാ ജീവികള്‍ക്കും അവിടെ നിന്നു തന്നെയാണ് ആഹാരം ലഭിക്കുന്നത്. കുളത്തിനുള്ളില്‍ കിണറ് കുഴിച്ചിട്ടുള്ളത് പിന്നെയാണ് എനിക്ക് മനസ്സിലായത്. കുളത്തിന്‍ കരയില്‍ വാഴകളും മറ്റു ചെടികളും പുഞ്ചിരിച്ചു നില്‍ക്കുന്നു. അതിനടുത്ത് പച്ച വരിച്ച വയല്‍ കാറ്റത്ത് തലയാട്ടി. വയലില്‍ കൊക്കുകള്‍ എന്തോ കൊത്തിത്തിന്നുന്നു. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ സ്കൂളിലേക്ക് മടങ്ങി.
ശ്രീലക്ഷ്‌മി. ബി, IV A
6.12.2013, വെള്ളിയാഴ്ച്ച രാവിലെ ഞങ്ങള്‍ വയലിനക്കരെയുള്ള കുളം കാണാന്‍ പോയി. മൂന്ന് ടീച്ചര്‍മാരും ഞങ്ങളുടെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും കൂടെയുണ്ടായിരുന്നു. കുളത്തില്‍ പല തരത്തിലുള്ള പായലുകളും അവയ്‌ക്കിടയില്‍ കളിക്കുന്ന ചെറു മീനുകളേയും പലതരം പ്രാണികളേയും ഞങ്ങള്‍ കണ്ടു. ഇടയ്‌ക്കിടയ്‌ക്ക് തല പൊക്കുന്ന തവളയെയും കാണാമായിരുന്നു. കുളത്തിനു മുകളില്‍ വട്ടമിടുന്ന പല നിറത്തിലുള്ള തുമ്പികളേയും കണ്ടു. അതിലേറെ രസമായി തോന്നിയത് കുളത്തിലെ പാറയില്‍ വിശ്രമിക്കുന്ന ആമയാണ്. ഞങ്ങളുടെ കാലനക്കം കേട്ടപ്പോള്‍ അത് നീന്തി കുളത്തിനടിയിലേക്ക് പോയി. ഒരുപാട് ഒച്ചുകളേയും കാണാന്‍ കഴിഞ്ഞു. കുളത്തിലെ പായലിനെ ചെറു പ്രാണികള്‍ ഭക്ഷിക്കുന്നു, ആ പ്രാണികളെ മീനുകള്‍ ഭക്ഷിക്കുന്നു, മീനുകളെ തവളകളും ആമയും ഭക്ഷിക്കുന്നു. അതിനാല്‍ കുളം ഒരു ആവാസവ്യവസ്ഥയാണെന്ന് പറയാം. ഇതെല്ലാം കണ്ട് വയല്‍വരമ്പിലൂടെ ഞങ്ങള്‍ സ്‌കൂളിലേക്ക് തിരിച്ചു. അപ്പോള്‍ കണ്ട കാഴ്ചകളും നല്ല രസമായിരുന്നു. കാറ്റിലുലയുന്ന വയലോലകളേയും പലതരം പക്ഷികളേയും കണ്ടു. പുല്ലു മേയുന്ന പശുക്കളേയും വെളുത്ത കൊക്കുകളേയും കണ്ടു. അങ്ങനെ പല പല കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ സന്തോഷത്തോടെ ക്ലാസ്സിലെത്തി.
ദിവ്യ. പി. എസ്, IV B
മണ്ണിനെ അറിയുന്നതിലൂടെ മനുഷ്യനെയും അറിയട്ടെ
ReplyDelete