Monday, 24 February 2014

നിരീക്ഷണക്കുറിപ്പ്
ക്ലാസ് : VI, അടിസ്ഥാനശാസ്‌ത്രം
യൂണിറ്റ് : 8 (പൂത്തും കായ്‌ച്ചും)
പ്രശ്‌നം:
വിത്ത് വിതരണത്തിന് പ്രകൃതി ഒരുക്കിയരിക്കുന്ന രീതികള്‍ അത്ഭുതാവഹമാണ്.  ഒരു സസ്യത്തിലെ വിത്തുകളെല്ലാം അതിന്റെ ചുവട്ടില്‍ത്തന്നെ വീണ് മുളച്ചാല്‍ അവയ്‌ക്ക് ശരിയായി വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ ലഭിക്കാതെ വളര്‍ച്ച മുരടിച്ച് അവ നശിച്ചുപോകും.  മുളച്ചുവരുന്ന തൈകള്‍ ഈ രീതിയില്‍ നശിച്ച് പോകാതിരിക്കാന്‍ അവയെ മാതൃസസ്യത്തില്‍ നിന്നും ദൂരെ എത്തിക്കുവാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തി കുറിപ്പ് തയാറാക്കുക.

കുട്ടികളുടെ നിരീക്ഷണക്കുറിപ്പ് :

           ഞങ്ങളുടെ ഗ്രുപ്പ് നടത്തിയ നിരീക്ഷണത്തില്‍ നിന്നും നാലു തരത്തില്‍ പ്രകൃതിയില്‍ വിത്തുവിതരണം നടക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
1.സ്വയം : (ഫലത്തില്‍ നിന്ന് മണ്ണിലേക്ക്)
റബ്ബര്‍, വെണ്ട തുടങ്ങിയവയുടെ ഫലങ്ങള്‍ പാകമാകുമ്പോള്‍ മാരൃസസ്യത്തില്‍ നിന്നുതന്നെ ഉണങ്ങി പൊട്ടിത്തെറിച്ച് ദൂരേക്ക് വീഴുന്നു.  ശുഷ്‌കഫലങ്ങളിലെ സ്‌ഫോട്യഫലങ്ങളാണ് ഇത്തരത്തില്‍ വിത്തുവിതരണം നടത്തുന്നത്.
2.ജന്തുക്കള്‍ വഴി:
     a) പൊതുവേ മാംസളഫലങ്ങളാണ് ജന്തുക്കള്‍ വഴി വിതരണം ചെയ്യപ്പെടുന്നത്.  ഇവയ്‌ക്ക് ആകര്‍ഷകമായ നിറം, മണം, രുചി എന്നിവ ഉണ്ടാകും.  വിത്തിന് കട്ടിയുള്ള ആവരണം ഉണ്ടായിരിക്കും.  ഇത് ജന്തുക്കള് ഭക്ഷിച്ചാലും വിത്തിന് കേടുവരാതെ സൂക്ഷിക്കും.
     b)ചിലതരം ഫലങ്ങള്‍ക്ക് പുറത്ത് രോമങ്ങളോ മുള്ളുകളോ കാണും.  ഇത്തരം ഫലങ്ങള്‍ മനുഷ്യന്റേയോ മറ്റു ജന്തുക്കളുടേയോ ശരീരത്തില്‍ പറ്റിപ്പിടിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ചിലതരം പുല്‍ച്ചെടികള്‍ ഈ ഇനത്തില്‍ പെടുന്നു.
     c)ആലിന്‍പഴം, ഇലഞ്ഞിപ്പഴം തുടങ്ങിയവ പക്ഷികളുടെ വിസര്‍ജ്യത്തിലൂടെ വിതരണം ചെയ്യപ്പെടുന്നു.  ദഹിക്കാതെ വിസര്‍ജ്യത്തിലൂടെ വിത്തുകള്‍ പുറത്തുവരും.
     d)ഭക്ഷണം, അലങ്കാരം, വ്യവസായം എന്നിവയ്‌ക്കു വേണ്ടി മനുഷ്യന്‍ ബോധപൂര്‍വം വിത്തുവിതരണം ചെയ്യാറുണ്ട്.
3)കാറ്റിലുടെ:
കാറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന വിത്തുകള്‍ ശുഷ്‌കവും ഭാരം കുറ‍്ഞവയുമായിരിക്കും.  പറക്കാന്‍ സഹായിക്കുന്ന രോമങ്ങളോ  ചിറകുകള്‍ പോലെ വളര്‍ന്ന ഭാഗങ്ങലോ ഇവയില്‍ കാണാം.  അപ്പൂപ്പന്‍താടി, മുരിങ്ങ, പഞ്ഞിക്കായ എന്നിവ ഈ ഇനത്തില്‍പ്പെടുന്നു.
4)ജലത്തിലൂടെ:
പാകമായ ഫലങ്ങള്‍ ജലത്തിലൂടെ ഒഴുകി ദൂരസ്ഥലങ്ങളില്‍ എത്തപ്പെടുന്നു.  ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ ഇവയ്‌ക്ക് കഴിയുന്നു.  ഇത്തരം വിത്തുകള്‍ക്ക് ഉറപ്പുള്ളതും കട്ടിയുള്ളതുമായ ബാഹ്യാവരണമുണ്ടായിരിക്കും. തേങ്ങ, ഒതളങ്ങ, പുന്നയ്ക്ക എന്നിവ ഈ ഇനത്തില്‍പ്പെടുന്നു.

നിഗമനം:
സസ്യങ്ങളുടെ നിലനില്‍പിന് സ്ഥലസൗകര്യം, ജലം, വായു, മണ്ണ്, പോഷകഘടകങ്ങള്‍ എന്നിവ ആവശ്യമാണ്.  ഇവ ശരിയായ അളവില്‍ ലഭ്യമാക്കുന്നതിന് വിത്തുകള്‍ മാതൃസസ്യത്തില്‍ നിന്ന് ദൂരെ വിതരണം ചെയ്യപ്പെടേണ്ടതാണ്.  ഇതിന് പ്രകൃതി ഒരുക്കിയിരിക്കുന്ന അനുകൂലനങ്ങള്‍ കൗതുകകരവും അതിശയിപ്പിക്കുന്നവയുമാണ്.  കാറ്റ്, ജന്തുക്കള്‍, ജലം എന്നിവ വിത്തുവിതരണത്തിന് സഹായിക്കുന്നു.  ഈ ഏജന്റുകളുടെ സഹായത്തോടെ വിത്തുവിതരണം നടത്തുന്നതിനനുസൃതമായ അനുകൂലനങ്ങള്‍ ഓരോ വിത്തിലും രൂപപ്പെട്ടിരിക്കുന്നതായി കാണാം.
സരിഗ ആര്‍. എസ്, VII B
വര്‍ണ്ണന
ക്ലാസ് : VII, കേരള പാഠാവലി
യൂണിറ്റ് : 2  (നീലക്കൊടുവേലിയും തേടി)

ഭാവനയില്‍ കാടു കാണാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ എന്തൊക്കെയായിരിക്കും കാണുന്നത്? വര്‍ണ്ണന തയാറാക്കുക.

           കാലത്തിന്റെ ഒഴുക്കിലും ചുഴികളിലും വീണിട്ടും ഒര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ് ഞാനും കൂട്ടുകാരും കൂടി കാടു കാണാന്‍ പോയത്.

           മലകളുടെ ഇടയില്‍ നിന്ന് വലിയ നാണത്തോടെ ഇറങ്ങിവന്ന സൂര്യന്റെ മഞ്ഞവെളിച്ചം എന്റെ മുഖത്തേക്കടിച്ചപ്പോള്‍ ഞാന്‍ വല്ലാതെ ഉത്സാഹഭരിതയായി.  കുന്നിന്‍ ചരിവിലൂടെ ഇറങ്ങിയാല്‍ കുറ്റിച്ചെടികളും പുല്ലുകളും വളര്‍ന്നുനില്‌ക്കുന്ന താഴ്‌വാരം. മഞ്ഞുതുള്ളികള്‍ വൈഡൂര്യക്കല്ലുകള്‍ പോലെ  തിളങ്ങി നിന്നു.  നീലത്തിരമാലകള്‍ ആഞ്ഞടിക്കുന്നതു പോലെ കാറ്റ് മരങ്ങളെ ആട്ടി ഉലച്ചു.  പൂമണം എവിടെയെന്നില്ലാതെ പരന്നു.  തണുത്ത കാറ്റ് തഴുകിയെത്തിയപ്പോള്‍ ഞാന്‍ എന്തെന്നില്ലാത്ത സംതൃപ്‌തിയില്‍ ലയിച്ചു.   ഒരവസാനമില്ലാത്ത മട്ടില്‍ ഒഴുകിനടക്കുന്ന പുഴയുടെ ഇരുവശങ്ങളിലും സമാധാനത്തിന്റെ പ്രതീകമെന്നപോലെ കൊക്കുകള്‍ വരിവരിയായിരിക്കുന്നു.  മരങ്ങളുടെവള്ളികളില്‍ തുടുത്തു ചുവന്നുകിടക്കുന്ന മഞ്ചാടിക്കുരു പോലുള്ള പഴം കാണാന്‍ എന്തൊരു ചേലാണ്.  പൂമ്പാറ്റകളെ തേന്‍ കുടിക്കാന്‍ അനുവദിക്കാത്ത കാറ്റിന് എന്തോരഹങ്കാരമാണ്.  കാട്ടുവള്ളികളില്‍ ക്യാമറയ്‌ക്കു പോസുചെയ്യുന്ന പൊലെ കുരങ്ങന്‍മാര്‍ തൂങ്ങിക്കിടക്കുന്നു.  പൂചൂടിനിന്ന ചില്ലകളെ ഇളംകാറ്റ് മെല്ലെ തലോടി.  എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുകയാണ്  അണ്ണാരക്കണ്ണന്‍മാര്‍.  പൂമൊട്ടുകള്‍  വിടര്‍ന്നുവോ എന്നറിയാനുള്ള തേനീച്ചകളുടെ തിടുക്കം ഇനിയും മാറിയിട്ടില്ല.  മരച്ചില്ലകളില്‍ സ്‌ഫടികത്തിന്റെ കിണ്ണം പോലെ തിളക്കമാര്‍ന്നിരിക്കുകയാണ് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍  പെടാതെ ചിലന്തിവല.  അതില്‍ അവിടവിടെയായി മുത്തുമണികള്‍ പോലെ  ജലകണികകള്‍ തിളങ്ങി നില്‍ക്കുന്നു. മരങ്ങള്‍ക്കിടയിലെവിടെയോ നിന്ന് കാട്ടുകുയിലിന്റെ മധുര ഗാനം ഒഴുകിയെത്തി. എല്ലാം കൊണ്ടും പ്രകൃതിയാകെ പുളകം ചൂടി നിന്നു.
ഷബാന.എന്‍,VII A
കഥാപാത്രനിരൂപണം
ക്ലാസ് : VI
അടിസ്ഥാന പാഠാവലി, യൂണിറ്റ് : 2 (വേരുകള്‍)
പ്രവര്‍ത്തനം:
          മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ 'വേരുകള്‍' എന്ന പാഠഭാഗത്തിലെ മുഖ്യ കഥാപാത്രമായ രഘു  നഗരത്തിന്റെ സൗകര്യങ്ങള്‍ വെടിഞ്ഞ് ഒടുവില്‍ സ്വന്തം ഗ്രാമീണതയുടെ പച്ചപ്പിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. ഈ തീരുമാനം ഇന്നത്തെക്കാലത്ത് ​എത്രമാത്രം പ്രായോഗികമാണ്? സ്വന്തം അഭിപ്രായം ഉള്‍പ്പെടുത്തി രഘു എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ വ്യക്‌തമാക്കുക.


          'വേരുകള്‍' എന്ന പാഠഭാഗത്തിലെ പ്രധാന കഥാപാത്രമാണ് രഘു.  അദ്ദേഹം ഒരു ഐ.എ.എസ് ഉദ്യോഗസ്‌ഥനാണ്.  ജോലിത്തിരക്കും സാഹചര്യങ്ങളും കാരണം പട്ടണത്തില്‍ താമസിക്കുകയാണ് രഘുവും കുടുംബവും. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന രഘു അവിടുത്തെ നൈര്‍മ്മല്യവും വിശുദ്ധിയും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.  അദ്ദേഹത്തിന്  ഗ്രാമത്തിന്റെ മഹത്വവും മാധുര്യവും നന്നായറിയാം. പക്ഷേ പരിഷ്‌കാരിയായ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി പട്ടണത്തില്‍ത്തന്നെ ഒരു പടുകൂറ്റന്‍ ബംഗ്ലാവു പണിയാന്‍ രഘു തീരുമാനിക്കുന്നു.  അതിലേക്കായി ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ രഘു നാട്ടിലെത്തുന്നു.  സ്വന്തം മണ്ണിന്റെ  മണവും അവിടുത്തെ കുളിര്‍കാറ്റും പച്ചപ്പും മനോഹാരിതയും മനം മയക്കുന്ന അന്തരീക്ഷവും അദ്ദേഹത്തെ പഴയകാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഉള്ളിലെവിടെയോ ഒരാര്‍ദ്രമായ താരാട്ടിന്റെ ഈണം അലയടിച്ചു. അച്ഛന്റേയും മുത്തച്ഛന്റേയും തന്റെ കുട്ടിക്കാല സ്‌മരണകളും പുതുക്കുന്ന ഏക സ്‌മാരകം തന്റെ വീടും പറമ്പുമാണെന്ന് രഘു തിരിച്ചരിയുന്നു. പൂര്‍വികര്‍ ജീവിച്ചു മരിച്ച മണ്ണില്‍ത്തന്നെ രഘു സ്വന്തം വേരുകള്‍ കണ്ടെത്തുന്നു.

           സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലൂടെ തിരക്കുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയില്‍ രഘുവിന് ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വരും.  ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ഓഫീസിലെത്താന്‍ ഒത്തിരി യാത്രാക്ലേശം അനുഭവിക്കേടണ്ടിവരും.
  അടിയന്തിര ഘട്ടങ്ങളില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ നന്നേ വിഷമിക്കും. പലപ്പോഴും മേലുദ്യോഗസ്ഥരുടെ ശകാരം കേള്‍ക്കേണ്ടിവന്നേക്കാം.   ചികിത്സാസൗകര്യങ്ങള്‍ക്കായി പട്ടണത്തെത്തന്നെ ആശ്രയിക്കേണ്ടിവരും.  കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരും.  പട്ടണത്തിലെ സൗകര്യങ്ങള്‍  ശീലിച്ച ഭാര്യയുടേയും കുട്ടികളുടേയും പരാതികള്‍ നിരന്തരം കേള്‍ക്കേണ്ടിവരും. ഇത് പലപ്പോഴും കുടുംബവഴക്കിനു  തന്നെ കാരണമായേക്കാം.  ആഡംബരപ്രിയരായ സുഹൃത്തുക്കളുടെ പരിഹാസത്തിന് പാത്രമാകേണ്ടിവന്നേക്കാം. ഇങ്ങനെ പലതുകൊണ്ടും ക്ലേശങ്ങളുടെ നടുവിലേക്കായിരിക്കാം രഘുവിന്റെ മടക്കയാത്ര.

 
           ഇപ്രകാരം വന്നുചേര്‍ന്നേക്കാവുന്ന ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള ഉറച്ച മനസ്സാണ് രഘുവിന്റെ മുഖ്യ സവിശേഷത.  സ്വന്തം മണ്ണിനോടും കുടുംബത്തോടുമുള്ള സ്‌നേഹം രഘുവിനെ വേറിട്ടു നിര്‍ത്തുന്നു. സ്വന്തം മണ്ണും പൈതൃകവും വരും തലമുറകള്‍ക്കായി സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് തിരിച്ചറിയുന്നു.   ഇങ്ങനെ പച്ചയായ ഒരു ഗ്രാമീണ മനുഷ്യന്റെ എല്ലാ സവിശേഷതകളും നമുക്ക് രഘുവില്‍ ദര്‍ശിക്കാം.
                               അലീമ എസ്. എ,  VI A
കവിത                                           വി.കെ.കാഞ്ചന                            
                   പി.ഡി.ടീച്ചര്‍          
യു.പി.എസ്.കലയ്‌ക്കോട്  

വഴിയമ്പലം

'അമ്മേ മഹാമായേ ദേവീയെന്റെ
മക്കളെക്കാത്തു നീ രക്ഷിക്കണേ'
കണ്ണടച്ചഞ്ജലീബദ്ധയായി
ഉള്ളുരുകിയമ്മ പ്രാര്‍ത്ഥിക്കുന്നു.


മുന്നിലും പിന്നിലും നാലുചുറ്റും
ആളുകളാര്‍ത്തു തിരക്കുകൂട്ടി
ദേവിതന്‍ മന്ത്രം ഉരുക്കഴിച്ച്
സാഫല്യം നേടി മനം കുളിര്‍ത്തു.


മെല്ലെത്തിരിഞ്ഞമ്മ പിന്നില്‍ നോക്കി
പുത്രനും ഭാര്യയും കുഞ്ഞുമെന്തേ
കണ്ടില്ല, കണ്ടില്ല കുഞ്ഞിനേയും.


വീണ്ടും സ്‌തുതികളില്‍ മുങ്ങിനീന്തി
മാത്രകളെത്ര കൊഴിഞ്ഞു വീണു
രാവു വളര്‍ന്നേറെച്ചെന്നതൊന്നും
ദീപാലങ്കാരങ്ങള്‍ ചൊല്ലിയില്ല.


ചുറ്റമ്പലം ചുറ്റിയമ്മനോക്കി
പുത്രനെക്കണ്ടില്ലിതെങ്ങു പോയി?
കണ്ടാലറിയുന്നോരാരുമില്ല
'ആരോടു ചോദിക്കാ'നമ്മ തേങ്ങി.
സംഭ്രമം തിരതല്ലിയാര്‍ത്തലച്ചു
തേടിനടന്നു തളര്‍ന്നുവീണു
എങ്ങുപോയെന്‍ മകന്‍ പൊന്‍മകനേ...
ഉള്ളം കലങ്ങിക്കരഞ്ഞുപോയി.


ആഡംബരവീടു വച്ചു മക്കള്‍
പത്രാസു കാണിക്കാന്‍ കാറു വാങ്ങി
പാഴ്‌വസ്‌തുവാണു താനെന്നകാര്യം
പാവമാമമ്മയറിഞ്ഞതില്ല.


നാളുകളെത്ര കഴിഞ്ഞു പോയി
നാമജപങ്ങളും നെഞ്ചിലേറ്റി
ഓരോ മുഖവും തിരഞ്ഞിടുന്നു
മക്കളിതേവരെ വന്നില്ലല്ലോ
എന്റെ മക്കളിതേവരെ വന്നില്ലല്ലോ.


അച്ഛനമ്മമാര്‍ക്ക് അളവറ്റ സ്‌നേഹം സ്‌നേഹമായി നല്‍കുന്ന ഓരോ മക്കള്‍ക്കും ഈ കവിത സമര്‍പ്പിക്കുന്നു.