Tuesday, 25 March 2014

കഥ
ഷബാന. എന്‍
VII  A    
ഓണം വന്നു

           അമ്മു നേരത്തേ ഉണര്‍ന്നു.  ഇന്ന് തിരുവോണമാണ്.  കിടക്കപ്പായയില്‍ നിന്ന് അവള്‍  നേരേ ഓടിയത് പൂന്തോട്ടത്തിലേക്കാണ്.  ഏറെ നാളായി പൂക്കാതെ വിഷമിച്ചിരുന്ന റോസാച്ചെടി ഇന്ന് സന്തോഷവതിയാണ്.  അവളുടെ ശിഖരങ്ങളില്‍  മൂന്ന് മൊട്ടുകള്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു.
          പൂക്കളിറുത്തു കൊണ്ട് അവള്‍ മുറ്റത്തേക്കോടി.  മാമനും മാമിയും കുട്ടികളുമൊക്കെ ഇന്ന് വരുന്നുണ്ട്.  അതുകൊണ്ട് പൂക്കളം ഗംഭീരമാക്കണം.
അച്‌ഛനും കൂടി സഹായിച്ചപ്പോള്‍ അവളുടെ പൂക്കളം മനോഹരമായി.
           അച്‌ഛന്‍ കൊണ്ടുവന്ന ഓണക്കോടിയുടുത്ത് അവള്‍ മുറ്റത്ത് കാത്തിരിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്ന് പാത്രങ്ങളുടെ കലപില ശബ്‌ദം കേള്‍ക്കാം.  അമ്മ ഓണസദ്യയുടെ തയാറെടുപ്പിലാണ്.
           "മോളേ, മാമനും മാമിയുമൊന്നും ഇന്ന് വരുന്നില്ലെന്ന്.  മാമന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത എന്തോ ജോലി വന്നത്രേ.”  അച്‌ഛന്‍ പറഞ്ഞു.
          "ശൊ,  ഇനി ഞാന്‍ ആരുടെ കൂടെ ഓണം ആഘോഷിക്കും.”
           അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പുറത്തൊരു ശബ്‌ദം കേട്ടത്.
           "മോളേ വല്ലതും തരണേ, രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്.”
          ആകെ ക്ഷീണിച്ച ഒരു വൃദ്ധനും മെലിഞ്ഞുണങ്ങിയ രണ്ടു കുട്ടികളും മുറ്റത്തു നില്‍പ്പുണ്ട്.
          വിഷമത്തോടെ അവള്‍ അച്ഛനെ നോക്കി.
          "മോളേ, ഈ ഓണത്തിന് നമ്മുടെ വീട്ടില്‍ വന്ന അതിഥികളാണിവര്‍.  ഇവരോടൊപ്പമാണ് ഇന്നത്തെ നമ്മുടെ ഓണം.  മാമനും കുട്ടികള്‍ക്കും വാങ്ങിയ ഓണക്കോടി ഇവര്‍ക്കു കൊടുത്തേക്കൂ.”
          സന്തോഷത്തോടെ അവള്‍ അകത്തേക്കോടി.
          അവളുടെ മനസ്സില്‍ ഒരായിരം ഓണപ്പൂക്കള്‍ പുഞ്ചിരിച്ചു.

No comments:

Post a Comment