Sunday, 30 March 2014

യാത്രാക്കുറിപ്പ്
സ്‌നേഹ എസ്.ആര്‍
VI  B          

അനന്തപുരിയില്‍ അരദിവസം
         
             യാത്രകള്‍ എനിക്കേറെ പ്രിയങ്കരങ്ങളാണ്.  പ്രിയപ്പെട്ട കൂട്ടുകാരുമൊത്താകുമ്പോള്‍ അതിന് രസമേറും.  ഈ വര്‍ഷം ഞങ്ങളുടെ സ്‌കൂളില്‍ നിന്ന് പോയ തിരുവനന്തപുരം യാത്ര വളരെ രസകരമായിരുന്നു. ആടിയും പാടിയും ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു.  ഒപ്പം ഒത്തിരി കാര്യങ്ങള്‍  പഠിക്കുകയും ചെയ്‌തു.
             07.  02. 2014വെള്ളിയാഴ്‌ച രാവിലെ 7 മണിക്ക് ഞങ്ങള്‍ സ്‌കൂളില്‍  നിന്ന് പുറപ്പെട്ടു. എന്റെ അനിയത്തിയും കൂടെയുണ്ടായിരുന്നു.  ആദ്യം ഞങ്ങള്‍  പോയത് ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരിയിലേക്കാണ്.  വളരെ ശാന്തമായിരുന്നു അവിടുത്തെ അന്തരീക്ഷം.  ഇളം കാറ്റില്‍ ഇലകള്‍ മെല്ലെ ഇളകി.  അവ ഞങ്ങളോട് കുശലം ചോദിക്കുന്നതായി തോന്നി.  കാവി വസ്‌ത്രം ധരിച്ച സ്വാമിമാര്‍ ഞങ്ങളെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിച്ചു. ശിവഗിരിയേയും ഗുരുദേവനേയും കുറിച്ച് ഒരു സ്വാമി ഞങ്ങളോട് സംസാരിച്ചു. ഗൗരി എന്ന സ്വാമിനി ഗുരുദേവ കൃതികളുടെ ചില ഭാഗങ്ങള്‍ ചോല്ലിക്കേള്‍പ്പിച്ചു. ഗുരുദേവന്‍ യാത്ര ചെയ്‌തിരുന്ന റിക്ഷ, വിശ്രമിച്ചിരുന്ന ചാരുകസേര, കട്ടില്‍, ഊന്നുവടി എന്നിവ കാണാന്‍ കഴിഞ്ഞു.  ശാരദാമഠത്തിനു മുന്നില്‍ ഞങ്ങള്‍ ഒരു നിമിഷം മൗനമായി നിന്നു.  ശാന്തമായ മനസ്സോടെയാണ് ഞങ്ങള്‍ ആ പുണ്യഭൂമിയില്‍ നിന്ന് മടങ്ങിയത്.
           
             പിന്നെ ഞങ്ങള്‍ തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരകത്തിലെത്തി.  ചന്തത്തില്‍  വെട്ടി നിരപ്പാക്കിയ പുല്‍പ്പരപ്പും നിരവധി ചെടികളും വര്‍ണ പുഷ്‌പങ്ങളും  നിറഞ്ഞ ഒരു പുഷ്‌പവാടി തന്നെയായിരുന്നു അവിടം.  ആശാന്‍ താമസിച്ചിരുന്ന കൊച്ചുവീട് പഴമയും ലാളിത്യവും  ഗ്രാമീണതയും ഒത്തുചേര്‍ന്നതായിരുന്നു.  അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടില്‍, കസേര, എഴുത്തുമേശ, ഊന്നുവടി, പുസ്‌തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവ കാണാന്‍ കഴിഞ്ഞു.  ആശാന്റെ കൈപ്പട അടുത്തു കണ്ടപ്പോള്‍ ആശാന്‍ തന്നെ അടുത്തു നില്‍ക്കുന്നതായി തോന്നി.  ആശാന്‍  കൃതികളുടെ ചുവര്‍ച്ചിത്ര മാതൃകയിലുള്ള ദൃശ്യാവിഷ്‌കാരം ഏറെ ആകര്‍ഷകമായിരുന്നു.  ഒരു മധുര കാവ്യം ആസ്വദിച്ച  സംതൃപ്‌തിയോടെയാണ്   ഞങ്ങള്‍ അവിടം വിട്ടത്.
             പിന്നെ ഞങ്ങള്‍ അനന്തപദ്‌മനാഭന്റെ മണ്ണിലെത്തി. ഭക്‌തജനങ്ങള്‍ക്കിടയിലൂടെ തിക്കിയും തിരക്കിയുമാണ് ഞങ്ങള്‍ പദ്‌മനാഭസ്വാമിയെ ദര്‍ശിച്ചത്.  മുന്നിലെത്താന്‍ പോലീസുകാര്‍ ഞങ്ങളെ സഹായിച്ചു.  ക്ഷേത്രത്തിനുള്ളിലെ കൊത്തുപണികള്‍ എന്നെ ഏറെ അദ്‌ഭുതപ്പെടുത്തി.  അവിടുന്നിറങ്ങി ഞങ്ങള്‍ സ്വാതിതിരുനാളിന്റെ കൊട്ടാരമായ  കുതിരമാളികയിലേക്കു പോയി. വശങ്ങളില്‍ നിരവധി കുതിരമുഖങ്ങള്‍ വരിയായി  കൊത്തിവച്ചിരിക്കുന്നതു കൊണ്ടാണ് ഈ കൊട്ടാരത്തിന് 'കുതിരമാളിക' എന്ന  പേരു  വന്നത്.  മച്ചിലേയും ചുവരുകളിലേയും കൊത്തുപണികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എടുപ്പോടെ നില്‍ക്കുന്നു. പൂക്കളുടേയും പഴങ്ങളുടേയും ഇലകളുടേയും ചാറുകള്‍ ചാലിച്ചാണ് ഇവയ്‌ക്ക് നിറം പിടിപ്പിച്ചിരിക്കുന്നതെന്ന് ഗൈഡ്  പറഞ്ഞപ്പോള്‍ ശരിക്കും അദ്‌ഭുതപ്പെട്ടു.  പഴയകാല ആയുധങ്ങള്‍,  രാജാക്കന്‍മാരുടേയും റാണിമാരുടേയും  ചിത്രങ്ങള്‍, പഴയകാല സമയ യന്ത്രം, വെടിക്കോപ്പുകള്‍, പൂജാവിഗ്രഹങ്ങള്‍, കഥകളി രൂപങ്ങള്‍, മണ്‍പാത്രങ്ങള്‍, ചീനഭരണികള്‍, സ്‌ഫടിക സിംഹാസനം, രത്നസിംഹാസനം,  ദന്തസിംഹാസനം, കല്‍ക്കട്ടില്‍, നൃത്തമണ്ഡപം എന്നിവയെല്ലാം ഗൈഡ് വിശദമായി വിവരിച്ചു.
             ശേഷം ഞങ്ങള്‍ നിരവധി ശാസ്‌ത്ര വിവരങ്ങളുടെ ഗംഭീര ശേഖരമായ  ശാസ്ത്ര മ്യൂസിയത്തിലെത്തി. പഴയ റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, റോക്കറ്റിന്റെ മാതൃക, ന്യൂട്ടന്റെ വര്‍ണ പമ്പരം, നിരവധി ശാസ്‌ത്ര തത്വങ്ങളുടെ ലളിതമായ പരീക്ഷണ മാതൃകകള്‍ തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അടുത്തു കാണാന്‍ കഴിഞ്ഞു. ശേഷം മ്യൂസിയം പാര്‍ക്കില്‍ ഞങ്ങള്‍ കുറേ നേരം കളിച്ചു.
   
             തുടര്‍ന്ന് നാല് മണിയോടെ ഞങ്ങള്‍ മൃഗശാലയിലെത്തി.  നിരവധി പക്ഷികളേയും മൃഗങ്ങളേയും അടുത്തു കാണാന്‍ കഴിഞ്ഞു.  പ്രതിമ കണക്കെ  അനങ്ങാതെ നില്‍ക്കുകയാണ് വലുതും ചെറുതുമായ വിവിധ തരം കൊക്കുകള്‍. തല ഉയര്‍ത്തി എന്തോ ശ്രദ്ധിച്ചു നില്‍ക്കുകയാണ് ഒട്ടകപ്പക്ഷി.  പെട്ടെന്ന് മരങ്ങള്‍ക്കിടയിലെവിടെയോ നിന്ന് വല്ലാത്തൊരു ശബ്‌ദം കേട്ടു.  അത് മലമുഴക്കി വേഴാമ്പലാണെന്ന് സാര്‍ പറഞ്ഞു, കേരളത്തിന്റെ ഔദ്യോഗിക പക്ഷി. ശരിക്കും  മലയാകെ മുഴങ്ങുന്നതു പോലെ തന്നെ തോന്നി. കുരങ്ങന്‍മാര്‍ മരങ്ങളില്‍ ചാടിക്കളിക്കുന്നു. എന്തോ കാര്‍ന്നു തിന്നുകയാണ് മലയണ്ണാന്‍. മാനുകള്‍ കൂട്ടത്തോടെ ഓടി നടക്കുന്നു. ഒരു കൂട്ടം മാനുകള്‍ വരിയായി നിന്ന് വെള്ളം  കുടിക്കുകയാണ്. കാണ്ടാമൃഗം ഒന്നേയുള്ളൂ.  അതിനോടു ചേര്‍ന്നു നിന്ന് പേടികൂടാതെ പുല്ലു തിന്നുന്ന മാന്‍പേടയുടെ ദൃശ്യം ഏറെ കൗതുകകരമായിരുന്നു.  ആ  കാഴ്‌ച ഒരുപാടു പേര്‍ ക്യാമറയില്‍ പകര്‍ത്തി. പാവം സീബ്രയും  ഒറ്റയ്‌ക്കാണ്.  അവന്‍ ശാന്തനായി നിന്ന് പുല്ലു തിന്നുന്നു.   ഹിപ്പോക്കുട്ടന്‍മാര്‍ വെള്ളത്തില്‍ നിന്ന് തലയുയര്‍ത്തി  ഉറക്കെ ശബ്‌ദിച്ചു. മുതലകള്‍ വെയിലു കൊണ്ട് മയങ്ങുകയാണെന്ന് തോന്നുന്നു. ആള്‍ക്കാര്‍ വന്നു പോകുന്നതൊന്നും അവരറിയുന്നില്ല. 'നമ്മളെത്ര ആള്‍ക്കാരെ കണ്ടതാ' എന്ന മട്ടിലാ കിടപ്പ്.  പിന്നെ ഞങ്ങള്‍ ഹിംസ്ര ജന്തുക്കളുടെ അടുത്തേക്ക് നീങ്ങി.  തടിച്ചു കൊഴുത്ത കരടി മലര്‍ന്നു കിടന്ന് വെയിലു കൊള്ളുന്നു.  കടുവച്ചാര്‍ നല്ല ഉറക്കത്തിലാണ്.  മാംസം കടിച്ചു കീറി അകത്താക്കുകയാണ്  സിംഹരാജന്‍.  പുലി ഞങ്ങളെ കണ്ടതും ചീറിക്കൊണ്ടടുത്തു.   കലയ്‌ക്കോടുകാരാണെന്നറിഞ്ഞിട്ടാവണം പെട്ടെന്നു തന്നെ  തിരികെപ്പോയി.   പേടിച്ചിട്ടോ, അതോ നാണിച്ചിട്ടോ.
           അവസാനം ഞങ്ങളെത്തിയത് മയിലുകളുടെ അടുത്തേക്കാണ്. അവിടെ ഒരുപാടു  നേരം നിന്നു.  പെട്ടെന്ന് ഒരു പ്രത്യേക ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട്   ആണ്‍ മയില്‍ ആകെയൊന്ന് കുലുങ്ങി.  പുറകില്‍ ഒരു നീളന്‍ കെട്ടുപോലെയിരുന്ന  പീലിക്കൂട്ടം  പെട്ടെന്ന് മേലേക്കുയര്‍ന്ന് വിശറി പോലെ വിടര്‍ന്നു. ശരിക്കും  വര്‍ണാഭമായ കാഴ്‌ച. ആള്‍ക്കാരെല്ലാം കൗതുകത്തോടെ ചുറ്റം കൂടി.  മൊബൈലുകള്‍  കൂട്ടത്തോടെ കണ്‍മിഴിച്ചു.  നമ്മുടെ സാര്‍ ആ ദൃശ്യം  വീഡിയോയില്‍ പകര്‍ത്തി.
            പിന്നെ ഞങ്ങള്‍ പോയത് സത്യന്‍ സ്‌മാരകത്തിലേക്കാണ്.  അവിടുത്തെ ഓഡിറ്റോറിയത്തില്‍ അപ്പോള്‍ ഒരു കവിയരങ്ങ് നടക്കുകയായിരുന്നു.  ഞങ്ങള്‍  കുറേ നേരം അതിനു കാതോര്‍ത്തു.  ശേഷം സത്യന്‍മാസ്‌റ്ററുടെ വിവിധ വേഷങ്ങളിലുള്ള ചിത്രങ്ങള്‍ കണ്ടു.  സത്യന്‍ എന്ന അദ്ഭുത നടനെക്കുറിച്ച്  സ്‌മാരക ഡയറക്‌ടര്‍ ഞങ്ങളോട് സംസാരിച്ചു.
           ഏകദേശം ആറ് മണിയോടെ ഞങ്ങള്‍ കാത്തിരുന്ന കോവളം   കടപ്പുറത്തെത്തി.   അവിടമാകെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.  ഏറെ നേരം ഞങ്ങള്‍  തിരമാലകളോടൊത്ത് കളിച്ചു.  ഇടയ്‌ക്കു വന്ന വലിയ തിരമാലകള്‍ ഞങ്ങളെ നനച്ചു കൊണ്ട് തിരികെപ്പോയി.  മണലില്‍  ഞങ്ങളെഴുതിയ പേരുകള്‍ തിരമാലകള്‍ വന്ന് വാശിയോടെ മായ്‌ച്ചുകളഞ്ഞു.  നോക്കിനില്‍ക്കെ ആകാശമാകെ ചുവപ്പു പരന്നു.  തിളങ്ങി നിന്ന കുങ്കുമ സൂര്യന്‍ മെല്ലെ മെല്ലെ കടലിലേക്കു താണു.  ആ മനോഹര ദൃശ്യം ഞങ്ങള്‍ കണ്‍കുളിര്‍ക്കെ  കണ്ടുനിന്നു.  സൂര്യന്‍ പകലിനോടു വിട പറഞ്ഞ ആ സന്ധ്യയില്‍  കടലിനോടും   കടല്‍ത്തിരകളോടും വിട പറഞ്ഞ് ഞങ്ങളും മടക്കയാത്ര ആരംഭിച്ചു.  

1 comment:

  1. nalla language. kochu kootukaarikk ella aasamsakalum .iniyum ezhuthanam Abhinandanangal

    ReplyDelete