Tuesday, 25 March 2014

വായനക്കുറിപ്പ്
         

           കവിതകളുടെ ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കയറ്റുന്ന ഒരു പുസ്‌തകമാണ് 'മഹാകവികളുടെ കുട്ടിക്കവിതകള്‍'. മലയാളത്തിലെ പ്രിയപ്പെട്ട കവികളുടെ ഒരുപിടി കവിതകള്‍ ഈ പുസ്‌തകത്തിലുണ്ട്.  ഭാഷാപിതാവായ എഴുത്തച്ഛന്‍ മുതല്‍  ഭാവ കവി എന്‍. എന്‍. കക്കാട് വരെയുള്ളവരുടെ ലളിതമായ കവിതകള്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നു.  ശ്രീ. അരവിന്ദന്‍ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ഈ പുസ്‌തകം വളരെ ആസ്വദിച്ചാണ് ഞാന്‍ വായിച്ചത്.  ഇതിലെ ഓരോ കവിതയും എന്നെ ഒരുപാട് ചിന്തിപ്പിച്ചു. കവിതകളെ കൂടുതല്‍ സ്‌നേഹിക്കാനും അടുത്തറിയുവാനും ഈ പുസ്‌തകം സഹായകമായി.
       
          ഓരോ കവിതയുടേയും മുന്നില്‍ കൊടുത്തിരുന്ന കവിപരിചയം ഏറെ ഉപയോഗപ്രദമായിരുന്നു. കവിയുടെ രചനാരീതി, ജീവിച്ചിരുന്ന കാലഘട്ടം, പ്രധാന കൃതികള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിഞ്ഞു. എല്ലാ കവിതകളും നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നവയായിരുന്നു.

"ഓമനത്തിങ്കള്‍ക്കിടാവോ, നല്ല

കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ, പരി

പൂര്‍ണേന്ദു തന്റെ നിലാവോ?”

         ഇങ്ങനെ തുടങ്ങുന്ന കവിത വളരെ മനോഹരമായിരുന്നു.  താരാട്ടുപാട്ടിന്റെ ഈണത്തില്‍ ചൊല്ലിയപ്പോള്‍ എനിക്ക് അത് വളരെയേറെ ഇഷ്‌ടപ്പെട്ടു. ഇരയിമ്മന്‍ തമ്പി എഴുതിയ ഈ കവിത ഞാന്‍ ഒരുപാടു തവണ പാടി നടന്നു.

          ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ 'ഗ്രാമഭംഗി' എന്ന കവിതയും എനിക്ക് ഒത്തിരി ഇഷ്‌ടമായി.  സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഭംഗി ഇതില്‍ മനോഹരമായി വര്‍ണിച്ചിരിക്കുന്നു.



"മലരണിക്കാടുകള്‍ തിങ്ങിവിങ്ങി

മരതകകാന്തിയില്‍ മുങ്ങി മുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി

കറയറ്റൊരാലസല്‍ ഗ്രാമഭംഗി."


ഈ വരികള്‍ സുന്ദരമായ ഒരു ഗ്രാമത്തിന്റെ മുറ്റത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

"പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി          

പൂക്കുന്നു തേന്മാവു പൂക്കുന്നശോകം      

വായ്‌ക്കുന്നു വേലിക്കു വര്‍ണങ്ങള്‍ പൂവാല്‍  

ചോക്കുന്നു കാടന്തി മേഘങ്ങള്‍ പോലെ.”

          ഇങ്ങനെ തുടങ്ങുന്ന മഹാകവി കുമാരനാശാന്റെ 'പൂക്കാലം' എന്ന കവിതയും പ്രകൃതി ഭംഗിയെക്കുറിച്ചായിരുന്നു.  ഇവ കൂടാതെ രാമപുരത്തു വാര്യരുടെ 'കൃഷ്‌ണനും കുചേലനും', ജി.ശങ്കരക്കുറുപ്പിന്റെ 'മഴവില്ല് '  വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'തുമ്പപ്പൂ', പി.കുഞ്ഞിരാമന്‍ നായരുടെ 'പൂമാല', ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ 'ഉണ്ണിയും അമ്മയും' തുടങ്ങിയ കവിതകളും വളരെ മനോഹരങ്ങളായിരുന്നു. ഇവ ഓരോന്നും മനസ്സിന് ഒത്തിരി സന്തോഷം നല്‍കുന്നവയാണ്.  കൂടാതെ ഇവ സ്‌നേഹത്തിന്റെയും നന്മയുടെയും വെളിച്ചം പകര്‍ന്നു തരുന്നു.  അതിനാല്‍ എല്ലാവരും ഈ പുസ്‌തകം വായിച്ച് ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


സ്‌നേഹ എസ്.ആര്‍
VI B  

No comments:

Post a Comment