Wednesday, 26 March 2014

  • കഥ                                                                വി.കെ കാഞ്ചന (പി.ഡി. ടീച്ചര്‍)
  •  ഉദ്യാനപാലകന്‍                                യു.പി.എസ്. കലയ്‌ക്കോട്
          
           പുറത്ത് ചന്നം പിന്നം പെയ്യുന്ന മഴയുടെ താളം. തണുപ്പ്  സിരകളിലേക്ക് അരിച്ചു കയറിയപ്പോള്‍ രാജന്‍മാഷ് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി. 
           ഇന്നു തിങ്കളാഴ്‌ചയാണല്ലോ.  സ്‌കൂളില്‍ പോകേണ്ട ദിവസം.  പക്ഷേ എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല.  ഈ തണുത്ത പ്രഭാതത്തില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടു കിടക്കാനാണു സുഖം. 
           പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്ന് മീനുമോളുടെ കരച്ചില്‍ കേട്ടത്.  രാവിലെ തന്നെ അമ്മയും മോളും കൂടി ശണ്‌ഠ തുടങ്ങി.  ശോഭയുടെ ശബ്‌ദം ഉയര്‍ന്നു കേള്‍ക്കാം. 
          "സ്‌കൂളു തുറന്നിട്ട് ഒരാഴ്‌ചയേയായുള്ളൂ, നീയിത് എത്രാമത്തെ പെന്‍സിലാ കൊണ്ടക്കളയുന്നത്? രണ്ടാം ക്ലാസിലായ കുട്ടിയല്ലേ. അത്രയ്ക്ക് ശ്രദ്ധയില്ലാതായാല്‍  അതെങ്ങനാ?  അച്‌ഛന്‍ ബുക്കും പെന്‍സിലുമെല്ലാം ആവശ്യത്തിനു വാങ്ങി വച്ചിട്ടുണ്ടല്ലോ മോള്‍ക്കു കൊണ്ടക്കളയാന്‍". ശോഭയുടെ ശബ്‌ദം  അടുക്കളയിലേക്കു നീങ്ങി.  മീനുമോളും പിന്നാലെ കൂടിയിട്ടുണ്ടാവും.  ഇപ്പോള്‍ പറയുന്നതു വ്യക്‌തമല്ല.  രാജന്‍മാഷ്  വീണ്ടും തലവഴി മുണ്ടു വലിച്ചിട്ട് കണ്ണടച്ചു കിടന്നു.  ഇപ്പോള്‍ മുന്നില്‍ തെളിയുന്നത് നാല് 'എ' യിലെ രാഹുലിന്റെ മുഖമാണ്.
            സ്‌കൂള്‍ തുറന്ന ദിവസം.  പുത്തനുടുപ്പുകളിട്ട് ആഹ്ലാദത്തോടെ പുതിയ ക്ലാസ്സിലെത്തിയ കുട്ടികള്‍ക്കു പിന്നില്‍ സങ്കോചത്തോടെ നില്‍ക്കുകയായിരുന്നു അവന്‍.  അവന്റെ ഉടുപ്പുകള്‍ അങ്ങിങ്ങു കീറിത്തുടങ്ങിയിരുന്നു.  പുതിയ ബാഗോ കുടയോ അവനില്ല.  പഴയ ഒരു ബുക്ക് കൈയില്‍ മടക്കി വച്ചിരുന്നു.  ഏറ്റവും പിന്നിലെ ബഞ്ചില്‍ ഒരറ്റത്തായി അവന്‍ ഒതുങ്ങിക്കൂടി.  മറ്റു കുട്ടികളുടെ തിളങ്ങുന്ന ഉടുപ്പിലും ബാഗിലുമെല്ലാം അവന്‍ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.  കഴിഞ്ഞ ദിവസം ബോര്‍ഡില്‍ എന്തോ എഴുതുമ്പോള്‍ ശ്രുതി ഉറക്കെ വിളിച്ചുപറഞ്ഞു - "സര്‍ രാഹുല്‍ പഴയ ബുക്കില്‍ എഴുതുന്നു. ''  ഏതോ വലിയ കാര്യം കണ്ടുപിടിച്ച ഗമയില്‍ അവള്‍ നിവര്‍ന്നിരുന്നു.  മറ്റു കുട്ടികള്‍ ഒരു അദ്ഭുതജീവിയെ കാണുന്ന പോലെ രാഹുലിനെ നോക്കിക്കൊണ്ടിരുന്നു.  രാഹുല്‍ തല താഴ്‌ത്തിയിരുന്ന് കരയാന്‍ തുടങ്ങി.  മാഷ് അടുത്തു ചെന്ന് അവനെ ആശ്വസിപ്പിച്ചു. 
          ഇന്റര്‍വെല്ലിന് മാഷ് രാഹുലിനെ അടുത്തു വിളിച്ചു.  അവന്റെ    കീറിത്തുടങ്ങിയ ഉടുപ്പും തിളക്കമറ്റ കണ്ണുകളും മാഷെ വല്ലാതെ വേദനിപ്പിച്ചു. 
          അവനെ ചേര്‍ത്തു നിര്‍ത്തി മാഷ് ചോദിച്ചു - “മോന്റെ അച്ഛനെന്താ ജോലി?''  രാഹുല്‍ മുഖമുയര്‍ത്തി മാഷെ നോക്കി.  അവന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. "അച്ഛന്‍ ജോലിക്കോന്നും പോവൂല്ല.  കെടപ്പാ.  പാറമടേല് ജോലിയായിരുന്നു.  എന്തോ അപകടം പറ്റീതാ.” 
                 "എത്ര നാളായി അച്ഛനു സുഖമില്ലാതായിട്ട്?” മാഷ് അവന്റെ മുടിയില്‍ മെല്ലെ തലോടി. 
          "എന്റെ അനിയത്തിക്ക് ഒരു വയസ്സുള്ളപ്പോഴെന്നാ അമ്മ പറഞ്ഞത്.  ഇപ്പോ അവള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ''
          "രാഹുലിന്റെ അമ്മയോ?”
          "അമ്മ അടുത്ത വീട്ടില്‍ ജോലിക്കു പോകും. അച്ഛനെ നോക്കേണ്ടതുകൊണ്ട് ദൂരെയെങ്ങും പോകത്തില്ല.”
         രാഹുല്‍ ഇതു പറയുമ്പോള്‍ രണ്ടാം ക്ലാസ്സിലെ രാജി വന്ന് തോളില്‍ തൂങ്ങി. 
കാണുമ്പോഴേ അറിയാം രാഹുലിന്റെ അനുജത്തിയാണെന്ന്.  അവളുടെ പഴകിയ ഉടുപ്പും പാറിപ്പറന്ന മുടിയും ചെരുപ്പണിയാത്ത കുഞ്ഞു കാലുകളും കണ്ടപ്പോള്‍ മാഷ് മനസ്സില്‍ ഒരു തീരുമാനമെടുത്തു.  ഇവര്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം. 
          "അച്ഛനെന്താ ഇന്നു സ്‌കൂളില്‍ പോണില്ലേ?”  മീനുമോളുടെ ചോദ്യമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.  ചുവരിലെ ക്ലോക്കില്‍ മണി ഏഴായി.  പെട്ടെന്നു ചാടിയെഴുന്നേറ്റു.  പ്രഭാതകൃത്യങ്ങളെല്ലാം വേഗത്തില്‍ തീര്‍ത്ത് സ്‌കൂളിലേക്കു പോകാനിറങ്ങുമ്പോള്‍ മീനുമോള്‍ പിന്നില്‍ നിന്ന് വിളിച്ചു പരഞ്ഞു.  "അച്ഛാ വൈകുന്നേരം വരുമ്പോള്‍ ലഡു വാങ്ങിക്കൊണ്ടുവരണേ.”
         എന്നും വൈകുന്നേരം വരുമ്പോള്‍ അവള്‍ക്ക് ഒരു പൊതി കരുതാറുണ്ട്.
         സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ പട്ടണത്തില്‍ ബസ്സിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ചോദിച്ചു.
        "ഇന്നെന്താ രാജന്‍മാഷ് സ്‌കൂളിലേക്കില്ലേ?”
        "കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. ഞാന്‍ അടുത്ത ബസ്സിനു വരാം.”  രാജന്‍മാഷ് എല്ലാവരുടേയും ചോദ്യങ്ങളില്‍ നിന്നു സൗകര്യപൂര്‍വം ഒഴിഞ്ഞു മാറി.
          മുന്നില്‍ക്കണ്ട തുണിക്കടയില്‍ കയറി രാഹുലിനും രാജിക്കും ഓരോ ജോഡി ഉടുപ്പുകള്‍ വാങ്ങി.  അടുത്ത കടയില്‍ നിന്ന് രണ്ടു പേര്‍ക്കും ആവശ്യമായ ബാഗുകള്‍, കുടകള്‍, ചെരിപ്പുകള്‍, ബുക്കുകള്‍, പെന്‍സിലുകള്‍ എല്ലാം വാങ്ങിയിറങ്ങുമ്പോള്‍ തോന്നി ഒരു പായ്‌ക്കറ്റ് ലഡുവും കൂടിയിരിക്കട്ടെ.  
           എല്ലാം വാങ്ങിക്കൊണ്ട് ഒരു ഓട്ടോറിക്ഷയില്‍ സ്‌കൂളിന്റെ മുറ്റത്തെത്തുമ്പോള്‍ ഏഴാം ക്ലാസ്സിലെ മുഹമ്മദും വിഷ്‌ണുവും ജോണ്‍സനും കൂടി എതിരേ വരുന്നു.  കഴിഞ്ഞ വര്‍ഷം യൂണിഫോം വാങ്ങിക്കൊടുത്തതിന്റെ നന്ദി ഒരു പുഞ്ചിരിയായി അവരുടെ മുഖത്തു വിരിഞ്ഞു നില്‍ക്കുന്നു. 
          "മഷേ, ഞങ്ങള്‍ സഹായിക്കണോ?”  അവര്‍ ഓട്ടോറിക്ഷയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് ഓഫീസില്‍ വയ്‌ക്കുമ്പോള്‍ മാഷിന്റെ കണ്ണുകള്‍ രാഹുലിനെ തേടുകയായിരുന്നു.  അവന്‍ ദൂരെയുള്ള വാകമരത്തണലില്‍ മറ്റു കുട്ടികള്‍ കളിക്കുന്നതും നോക്കി നില്‍ക്കുകയാണ്.  രാജന്‍മാഷ് കൈയാട്ടി വളിച്ചപ്പോള്‍ അവന്‍ ഓടി അടുത്തെത്തി.  മാഷ് അവന്റെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു.
          "ഉച്ചയ്‌ക്കു വീട്ടില്‍ പോകുമ്പോള്‍ ഓഫീസിലേക്കു വരണം.  ഞാന്‍ നിങ്ങള്‍ക്കു വേണ്ടി കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്.  അതും കൂടി കൊണ്ടുപോകണം.” 
          അദ്ഭുതം കൊണ്ടു വിടര്‍ന്ന മിഴികളുമായി രാഹുല്‍ മാഷെത്തന്നെ നോക്കി നിന്നു.  പിന്നെ തലയാട്ടി സമ്മതം മൂളി, സാവധാനം വാകമരത്തണലിലേക്കു നടന്നു.
         പിന്നില്‍ നിന്ന മുഹമ്മദ് ചോദിച്ചു "രാഹുലിനു വേണ്ടിയാണോ മാഷ് ഇതെല്ലാം വാങ്ങിയത്. അവന്‍ മാഷുടെ ബന്ധുവാണോ?'' മറുപടിക്കു കാക്കാതെ അവര്‍ മൂവരും ക്ലാസ്സുകളിലേക്കു തിരിച്ചു.  രാജന്‍മാഷ് മെല്ലെ മന്ത്രിച്ചു "രാഹുല്‍ മാത്രമല്ല, മുഹമ്മദും ജോണ്‍സനും വിഷ്‌ണുവും എല്ലാം ​എന്റെ കുഞ്ഞുങ്ങളാണ്-   ഇവിടുത്തെ കുഞ്ഞുങ്ങളാണ് - ഈ വിദ്യാലയമെന്ന ഉദ്യാനത്തില്‍ വിടര്‍ന്നു വിലസുന്ന കുരുന്നു പൂക്കള്‍.  ഇവിടുത്തെ ഉദ്യാനപാലകരാണ് ഓരോ അധ്യാപകരും.”          
           അകലെ വാകമരത്തണലില്‍ രാഹുല്‍ മാഷെത്തന്നെ നോക്കി നില്‍ക്കുന്നു.  രാജന്‍മാഷുടെ മനസ്സില്‍ അപ്പോള്‍ ഒരായിരം പൂക്കള്‍ വിടര്‍ന്നു സൗരഭ്യം പരത്തുകയായിരുന്നു.

No comments:

Post a Comment