Tuesday, 25 March 2014

കവിത
                                                                    വി.കെ.കാഞ്ചന
 പൂങ്കാവനം                                                 പി.ഡി.ടീച്ചര്‍

                                                              യു.പി.എസ്. കലയ്‌ക്കോട്



പൂക്കള്‍ ചിരിക്കുന്ന പൂങ്കാവനം
കുയിലുകള്‍ പാടുന്ന പൂങ്കാവനം
നന്മതന്‍ സൗരഭ്യം തിങ്ങി വിളങ്ങുന്ന
ചിന്മയ രൂപന്റെ പൂങ്കാവനം

പിച്ചിയും മുല്ലയും മൂവന്തിച്ചോപ്പാര്‍ന്ന
തെച്ചിയും തൂകുന്ന മന്ദഹാസം
പാര്‍വണ ചന്ദ്രന്റെ
പാലൊളി പോലെങ്ങും 
തൂവെണ്മ തൂകുന്ന പൂങ്കാവനം

വാകമരച്ചോട്ടില്‍ തത്തിക്കളിക്കുന്ന
പൂവാലനണ്ണാനും നെയ്യുറുമ്പും
കൊതി മൂത്തു തേന്‍ തേടിയെത്തുന്ന കുരുവിയും 
തുമ്പിയും നിശ്ചലം നിന്നതെന്തേ
കുരുന്നു ബാല്യങ്ങള്‍ തന്‍ 
കലപില കേള്‍ക്കുവാന്‍
ചെവിയോര്‍ത്തു നില്‍ക്കുകയായിരിക്കും

മുറ്റത്തു വാസന്ത ലക്ഷ്മി ചൊരിഞ്ഞിട്ട
മഞ്ചാടി മുത്തുപോല്‍ ബാല്യകാലം
ഉല്ലസിച്ചുത്സവ മേളം തിമിര്‍ക്കുന്ന
പൈതലിന്‍ പുണ്യമീ പൂങ്കാവനം

മഞ്ഞയും വെള്ളയും പലവര്‍ണ ശലഭങ്ങള്‍
പാറിക്കളിക്കുന്ന പൂങ്കാവനം
അനുഗ്രഹ പൂരിതം കലയ്‌ക്കോട് ദേശത്തിന്‍
സരസ്വതീ ക്ഷേത്രമീ പൂങ്കാവനം.

No comments:

Post a Comment